തിരുവനന്തപുരം:സംസ്ഥാനത്ത് ദിനം തോറും താപനില ക്രമാതീതമായി ഉയരുന്നു. ജനങ്ങൾ ചൂടിൽ വെന്ത് ഉരുകുകയാണ്. ഇന്നും നാളെയും സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം , തൃശ്ശൂർ, കണ്ണൂർ , ആലപ്പുഴ, കോട്ടയം , കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം , തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രിയും, ആലപ്പുഴ, കോട്ടയം , കോഴിക്കോട് ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാനാണ് സാധ്യത എന്നും അറിയിച്ചു. ഇന്നലെ തൃശ്ശൂർ , കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വരും ദിവസങ്ങളിലും താപനില ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പുറത്ത് ജോലിക്ക് പോകുന്നവരും കുട്ടികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പരമാവധി ശുദ്ധജലം കുടിച്ച് നിർജ്ജലീകരണം തടയണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post