തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഇരുട്ടിൽതപ്പി പോലീസ്. കേസിൽ നിർണായകമാകുന്ന യാതൊരു തെളിവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആകെ കേസ് അന്വേഷണത്തിന് സഹായമായി പോലീസിന് ലഭിച്ചിരുന്നത് സിസിടിവി ദൃശ്യങ്ങളാണ്. എന്നാൽ ഇത് കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല.
കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ ഈ സ്ത്രീയ്ക്ക് തട്ടിക്കൊണ്ട് പോകലുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിസിപി നിധിൻ രാജ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുകയാണ്. കുട്ടിയുടെ വീട്ടുകാരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്. കുട്ടിയിൽ നിന്നും വിവരങ്ങൾ ലഭിക്കുക നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. സൈക്കോളജിക്കൽ കൗൺസലിംഗ് കൊടുത്താൽ മാത്രമേ കുട്ടിയിൽ നിന്നും വിവരങ്ങൾ ലഭ്യമാകൂ എന്നും നിധിൻ രാജ് പറഞ്ഞു.
കുട്ടി എങ്ങനെ പൊന്തക്കാട്ടിൽ എത്തി എന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. റസിഡൻസ് അസോസിയേഷൻ കെട്ടിടത്തിന് സമീപത്തെ കുളവും മറ്റും കുട്ടിക്കും കുട്ടിയുടെ കുടുംബത്തിനും പരിചയമുള്ള സ്ഥലങ്ങളാണ്. കുട്ടിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post