കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലയുടെ മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയല്ലാതെ ഇത്തരമൊരു കൊലപാതകം നടത്താൻ കഴിയില്ല. കൃത്യം നടത്തിയതിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എല്ലാ പ്രതികളും ഇപ്പോഴും ശിഷിക്കപ്പെട്ടിട്ടില്ല. എംവിഗോവിന്ദന്റെ പ്രസ്താവന കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ്. ടിപി കൊല്ലപ്പെട്ട രാത്രി കണ്ണൂരിലെ ഒരു നേതാവിന്റെ മൊബൈലിൽ നിന്നും ‘സക്‌സസ്’ എന്ന സന്ദേശം തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ, ഈ സന്ദേശത്തിലേക്ക് അന്വേഷണം പോയില്ല. ഇതിന് പിന്നിൽ പല അട്ടിമറികളും ഉണ്ടായിട്ടുണ്ട്.
ഞാൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ഈ ഗൂഢാലോചനയെ പറ്റി അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ, ഫോൺകോൾ വിവരങ്ങൾ നൽകാൻ ടെലികോം കമ്പനികൾ തയ്യാറായില്ല. ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാതെ വന്നു. ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു’- ചെന്നിത്തല വ്യക്തമാക്കി. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെകെ രമയുടെ നിലപാടിന് പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post