തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ ഭർത്താവ് നയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞതോടെ തന്നെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയാസ് തള്ളുകയായിരുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ നിയാസിനെതിരെ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് പാലക്കാട് സ്വദേശിനി ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. പൂർണ ഗർഭിണിയായിരുന്ന യുവതിയ്ക്ക് ഇന്നലെ വൈകീട്ടോടെ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ നിയാസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചില്ല. വീട്ടിൽ തന്നെ പ്രസവം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത രക്തസ്രാവം ഉണ്ടായി. കുഞ്ഞ് മുഴുവനായി പുറത്തുവന്നതുമില്ല.
ആരോഗ്യനില വഷളായതോടെ ഷെമീറയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ യുവതിയും കുഞ്ഞും മരിച്ചു.












