തിരുവനന്തപുരം: ചാക്കയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ശേഷം കണ്ടെത്തിയ രണ്ട് വയസ്സുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കുഞ്ഞില്‍ നിന്നും ശിശു ക്ഷേമ വകുപ്പ് മൊഴി രേഖപ്പെടുത്തി. പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ എത്തിച്ചാണ് കുഞ്ഞിന്റെ മൊഴിയെടുത്തത്.
അതേസമയം, കേസിൽ നിർണായകമാകുന്ന യാതൊരു തെളിവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടി എങ്ങനെ പൊന്തക്കാട്ടിൽ എത്തി എന്നതിനെക്കുറിച്ച് ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് നയിക്കുന്ന യാതൊരു തെളിവും പോലീസിന് ഇതുവരെ കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല.
കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ ഈ സ്ത്രീയ്ക്ക് തട്ടിക്കൊണ്ട് പോകലുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വരികയാണ്. കുട്ടിയുടെ വീട്ടുകാരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്.
Discussion about this post