തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർത്ഥികളിൽ ധാരണ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പന്ന്യൻ സമ്മതമറിയിച്ചതായി നേതൃത്വം അറിയിച്ചു. വയനാട്ടിൽ ആനി രാജ മത്സരിക്കും. തൃശൂരിൽ മുൻ മന്ത്രി കൂടിയായ വിഎസ് സുനിൽ കുമാറും മാവേലിക്കരയിൽ സിഎ അരുൺ കുമാറും കളത്തിലിറങ്ങും. പ്രഖ്യാപനം 26ന് ചേരുന്ന നേതൃയോഗത്തിന് ശേഷം.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടത്. വടരയിൽ കെ.കെ ശൈലജയെയും, ചാലക്കുടിയിൽ സി രവീന്ദ്രനാഥും മത്സരിക്കുമെന്ന് ഇന്നലെ സിപിഎം അറിയിച്ചിരുന്നു. എറണാകുളത്ത് കെ.ജെ ഷൈനെ മത്സരിപ്പിക്കാനും പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനുമാണ് ധാരണയായത്.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ സംബന്ധിച്ച വിവരങ്ങൾ സിപിഎം നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും വടകര, ചാലക്കുടി, പൊന്നാനി എന്നിവിടങ്ങളിൽ തീരുമാനം ആയിരുന്നില്ല. തുടർന്ന് സിപിഎം സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. ഇതിലാണ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ആയത്.
കണ്ണൂരിൽ എംവി ജയരാജൻ, മലപ്പുറത്ത് വി. വസീഫ്, കാസർകോട് എൻ വി ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവൻ, വടകരയിൽ കെ.കെ ശൈലജ, ആലത്തൂരിൽ കെ.രാധാകൃഷ്ണൻ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, ഇടുക്കിയിൽ ജോയ്സ് ജോർജ്, ആലപ്പുഴയിൽ എഎം ആരിഫ്, ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയിൽ തോമസ് ഐസക് എ്ന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് ഉണ്ടാകും.
Discussion about this post