കോഴിക്കോട്: കൊയിലാണ്ടിയിലെ ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ പോസ്റ്റുമോർട്ടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിൽ ഉള്ളത്. കഴുത്തിൽ ഏറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സത്യനാഥനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തനിക്കെതിരെയുള്ള പല ആക്രമണങ്ങളും പാർട്ടി ചെറുത്തില്ലെന്നും പാർട്ടി തന്നെ സംരക്ഷിച്ചില്ലെന്നുമാണ് അഭിലാഷ് മൊഴി നൽകിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
ഇന്നലെ രാത്രിയോടെയായിരുന്നു സത്യനാഥനെ സിപിഎം പ്രവർത്തകൻ ആയിരുന്ന അഭിലാഷ് കൊലപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ തന്നെ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












