തിരുവനന്തപുരം: കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ പ്രധാനമമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാന നഗരിയിൽ. ബിജെപിയുടെ കേരള പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
ചെ്ാവ്വാഴ്ച രാവിലെയാകും പ്രധാനമന്ത്രി തലസ്ഥാന നഗരിയിൽ എത്തുക. വിമാനത്താവളത്തിൽ നിന്നും ആദ്യം അദ്ദേഹം ഐഎസ്ആർഒയിലേക്ക് പോകും. ഇവിടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. ഇതിന് ശേഷമാകും സമാപന സമ്മേളനത്തിനായി എത്തുക. രാവിലെ 10 മണിയ്ക്കാണ് പരിപാടി.
സമാപന സമ്മേളനത്തിന്റെ ഭാഗമായി വൻ ഒരുക്കങ്ങളാണ് തിരുവനന്തപുരത്ത് പൂർത്തിയായിട്ടുള്ളത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കട്ടൗട്ടുകളും കമാനങ്ങളും ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷം ഇത് ആദ്യമായിട്ടാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പ് നൽകാനായുള്ള ഒരുക്കങ്ങൾ ബിജെപി പ്രവർത്തകർ പൂർത്തിയാക്കി കഴിഞ്ഞു.
ബിജെപി പ്രവർത്തകർ ഉൾപ്പെടെ അരലക്ഷം പേരാണ് സമാനപന സമ്മേളനത്തിൽ പങ്കെടുക്കുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിൻറെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
Discussion about this post