ആലപ്പുഴ: കാട്ടൂരിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്തു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, അദ്ധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇവരെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കഴിഞ്ഞ 15നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പ്രജിത്ത് സ്‌കൂളിൽ നിന്നും എത്തിയതിന് പിന്നാലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അദ്ധ്യാപകരുടെ ശിക്ഷാ നടപടിയിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്ന് പ്രജിത്തിന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
സംഭവദിവസം, അവസാന പിരീഡിൽ പ്രജിത്തിനെയും സഹപാഠിയെയും കാണാനില്ലെന്ന് മൈക്കിലൂടെ പറഞ്ഞിരുന്നു. പിന്നീട് ക്ലാസിലെത്തിയ വിദ്യാർത്ഥികളെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. കഞ്ചാവല്ലേ എന്ന് ചോദിച്ചാണ് വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിച്ചത്. സ്‌കൂൾ വിട്ടപ്പോഴും ഇവർ മറ്റ് കുട്ടികളുടെ മുൻപിൽ വച്ച് വിദ്യാർത്ഥികളെ അപമാനിക്കുകയും തല്ലുകയും ചെയ്‌തെന്നും പ്രജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.












