തിരുവനന്തപുരം:മുഖ്യമന്ത്രിയ്ക്കും മകൾ വീണ വിജയനും സിഎംഇആർഎൽനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്. അടുത്ത മാസം 14 ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ട്‌റോട് കോടതി നിർദേശിച്ചു.
സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ കൂട്ടുനിന്നു എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ പ്രത്യുപകാരമായി വീണ വിജയന്റെ കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
സർക്കാർ അഭിഭാഷകൻ ഇതെല്ലാം എതിർക്കുകയും ചെയ്തു. കേസ് അപൂർണമാണെന്നും ഹർജിയിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് കൃത്യമായി പറയുന്നില്ല എന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഏത് തരത്തിലുള്ള അന്വേഷണം വേണം എന്നത് പരാതിക്കാരനല്ല പറയേണ്ടത്. ഹർജി പരിശോധിച്ച് കോടതിയാണ് ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് അറിയിക്കേണ്ടത് എന്ന് പരാതിക്കാരൻ അറിയിക്കുകയും ചെയ്തു. തുടർന്ന് കോടതി ഹർജി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തോട്ടപ്പള്ളിയിൽ 40,000 കോടിയുടെ മണൽ ഖനനം ചെയ്തു . സിഎംആർഎൽ നെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവ് പുറത്ത് വിട്ടിട്ടും പിണറായിയുടെ ഇടപടലുകളിൽ സർക്കാരോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ല എന്നും കുഴൽ നാടൻ ആരോപിച്ചിരുന്നു.
Discussion about this post