തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ നിർദ്ദേശം നൽകി. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരണം. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.
വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. എസ്എഫ്‌ഐക്കാരുടെ ക്രൂരമർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 18 പേർ ചേർന്നായിരുന്നു സിദ്ധാർത്ഥിനെ മർദ്ദിച്ചത്. ഇതിൽ പ്രധാനപ്രതിയുൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 11 പ്രതികൾ ഒളിവിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നത്.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ശരീരത്തിൽ നിരവധി പാടുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്എഫ്‌ഐക്കാർ മർദ്ദിച്ചതായി വ്യക്തമായത്.
Discussion about this post