ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭാരതീയ കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനാലാം ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. മഹാശിവരാത്രി ദിനത്തിൽ കാലാതീതനായ ശ്രീ പരമേശ്വരനെ ഭജിക്കുന്നത് മോക്ഷ പ്രാപ്തിക്കുള്ള ഏറ്റവും എളുപ്പമാർഗം ആണെന്നാണ് ഹൈന്ദവ വിശ്വാസം പറയുന്നത്.
മഹാശിവരാത്രി ദിവസമാണ് ശ്രീ പരമേശ്വരൻ പാർവതി ദേവിയെ വിവാഹം ചെയ്തത് എന്നാണ് വിശ്വാസം. ഈ ദിവസം കഠിവ്രതത്തോടെ ഉപവാസം അനുഷ്ഠിച്ച് ഉറങ്ങാതെ ശിവനെ ഭജിക്കുന്നവർക്ക് എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാശിവരാത്രി ആഘോഷപൂർവ്വം കൊണ്ടാടുന്ന ധാരാളം ശിവക്ഷേത്രങ്ങൾ ഭാരതത്തിൽ ഉണ്ട്. അവയിൽ ഏറെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം.
മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥിതി ചെയ്യുന്ന മഹാകാലേശ്വര ക്ഷേത്രത്തിൽ ശിവന്റെ കാലഭൈരവരൂപമാണ് ആരാധിക്കപ്പെടുന്നത്. ജ്യോതിർലിംഗ ക്ഷേത്രമായ മഹാകാലേശ്വര ക്ഷേത്രത്തിൽ ശിവരാത്രി 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഉത്സവം കൂടിയാണ്. ശിവ നവരാത്രി എന്നും ക്ഷേത്രത്തിലെ ആഘോഷങ്ങൾ അറിയപ്പെടാറുണ്ട്.
ദീപാവലിക്ക് സമാനമായി ലക്ഷക്കണക്കിന് ദീപങ്ങൾ കൊണ്ടാണ് മഹാശിവരാത്രി ദിനത്തിൽ ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം അലങ്കരിക്കപ്പെടുക. ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷം ആരംഭിച്ച് അഞ്ചാം ദിവസം മുതലാണ് 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മഹാശിവരാത്രി ദിനം ശിവന്റെ വിവാഹദിനമായി ആഘോഷിക്കപ്പെടുന്നതിനാൽ മഹാകാലേശ്വര ക്ഷേത്രത്തിലെ ശിവ നവരാത്രി ദിവസങ്ങളിൽ എല്ലാം ശിവലിംഗത്തെ ഒരു വരനെപ്പോലെ പ്രത്യേക അലങ്കാരങ്ങളാൽ അണിയിച്ചൊരുക്കുന്നതാണ്. പഞ്ചാമൃതാഭിഷേകവും പ്രത്യേക ആരതികളും എല്ലാം ഈ ദിവസങ്ങളിൽ മഹാകാലേശ്വര ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ മഹാകാലേശ്വരന്റെ ദർശനത്തിനായി ഉജ്ജയിനിൽ എത്താറുള്ളത്.
Discussion about this post