തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച സംഭവത്തിൽ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ പാലോട് രവിയ്‌ക്കെതിരെ പരാതി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ ആർ എസ് രാജീവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലോട് രവിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജീവ് പരാതിയിൽ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹം പോലീസിൽ പരാതി നൽകിയത്. പരിണിത പ്രജ്ഞനും എംഎൽഎയുമൊക്കെ ആയിരുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റം ആണ് പാലോട് രവിയിൽ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും തെറ്റായിട്ടുമാണ് പാലോട് രവി ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവ്വമാണെന്ന് കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നും പരാതിയിൽ ആവശ്യമുണ്ട്.
കഴിഞ്ഞ ദിവസം സമരാഗ്നി പരിപാടിയ്ക്കിടെ ആയിരുന്നു പാലോട് രവി ദേശീയ ഗാനം തെറ്റിച്ച് ആലപിച്ചത്. ജനഗണ മംഗള ധായക എന്നായിരുന്നു ദേശീയഗാനം ആലപിക്കാൻ തുടങ്ങിയത്. അബദ്ധം മനസിലായതോടെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് മറ്റൊരു വനിതാ നേതാവ് എത്തിയാണ് ദേശീയ ഗാനം പൂർത്തിയാക്കിയത്.
Discussion about this post