വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരാണ് കീഴടങ്ങിയത്.
ഇതുവരെ പത്ത് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇനി എട്ട് പേരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ് ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മൂന്ന് പേരും കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു.
മൂന്ന് പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. മരിച്ച സിദ്ധാർത്ഥിനെ അരുണിന്റെയും അമലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സർവകലാശാലയിലെ റാഗിംഗ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്.
അതേസമയം ക്രൂരമായ പീഡനങ്ങളാണ് എസ്എഫ്‌ഐക്കാരിൽ നിന്നും സിദ്ധാർത്ഥിന് നേരിടേണ്ടിവന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
Discussion about this post