ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. അമാവാസി ദിവസമെല്ലാം ശിവരാത്രി തന്നെയാണെന്നാണ് അഭിജ്ഞ മതം. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് മഹാശിവരാത്രി. സ്കന്ദപുരാണമനുസരിച്ച് നാലു തരം ശിവരാത്രികളാണ് ഉള്ളത്. ആദ്യത്തേത് നിത്യ ശിവരാത്രിയാണ്. അതായത് എല്ലാദിവസവും ശിവരാത്രി എന്ന സങ്കല്പത്തിൽ വ്രതവും പൂജാനുഷ്ഠാനങ്ങളും ചെയ്യുക. രണ്ടാമത്തേത് എല്ലാ അമാവാസി ദിനവും ശിവരാത്രി എന്നതാണ്.
മൂന്നാമത്തേത് മാഘ പ്രഥമാദി ശിവരാത്രിയാണ്. മാഘമാസത്തിലെ ഒന്നാം ദിവസം മുതൽ പതിമൂന്നാം ദിവസം വരെ ആചരിക്കുന്ന ശിവപൂജയെ മാഘപ്രഥമാദി ശിവരാത്രി എന്നാണ് പറയപ്പെടുന്നത്. മാഘമാസത്തിലെ പതിനാലാം ദിവസത്തിലെ അമാവാസി ദിവസം ആചരിക്കുന്ന ശിവരാത്രിയാണ് മഹാശിവരാത്രി.
മഹാശിവരാത്രി ദിവസം ഉപവാസം അനുഷ്ഠിച്ചാണ് വ്രതം എടുക്കേണ്ടത്. ശിവരാത്രിക്ക് ഏഴു ദിവസം മുൻപ് തന്നെ വ്രതം ആരംഭിക്കുന്നവരുമുണ്ട്. കുറഞ്ഞ പക്ഷം ശിവരാത്രിയ്ക്ക് തലേ ദിവസം മുതൽ അതായത് ത്രയോദശി മുതലെങ്കിലും വ്രതം തുടങ്ങണം. വെളുപ്പിന് തന്നെ ഉണരണം. കുളിയും തേവാരവുമെല്ലാം വിധിയാം വണ്ണം തന്നെ അനുഷ്ഠിക്കണം.
മഹാദേവനെ മനസ്സിൽ ധ്യാനിച്ച് പഞ്ചാക്ഷരി മന്ത്രം ജപിക്കണം. നിത്യവൃത്തികൾ ചെയ്യുമ്പോഴും പഞ്ചാക്ഷരി മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടിരിക്കണം. ഭക്ഷണമുപേക്ഷിച്ച് ഒരു ദിവസം മുഴുവൻ വ്രതമെടുക്കാൻ കഴിയാത്തവർക്ക് ധ്യാനങ്ങളുപേക്ഷിച്ച് ഫലമൂലാദികൾ മാത്രം കഴിച്ച് വ്രതമെടുക്കാം. വീട്ടിൽവെച്ചോ, ക്ഷേത്ര ദർശനം നടത്തിയോ ശിവപൂജ നടത്തണം.
പാൽ, ചന്ദനം, തേൻ, ജലം എന്നിവ ഉപയോഗിച്ച് ശിവലിംഗത്തിൽ അഭിഷേകം നടത്താം. ഇളനീരുകൊണ്ടും അഭിഷേകം നടത്തുന്നവരുണ്ട്. അതിന് ശേഷം വില്വപത്രം (കൂവളത്തില) സമർപ്പിച്ച് വ്രതം തുടങ്ങാം. ആ സമയത്ത് ബില്വാഷ്ടകം ജപിക്കാവുന്നതാണ്. പഞ്ചാക്ഷരി മന്ത്രം , മഹാമൃത്യുഞ്ജയ മന്ത്രം, രുദ്ര ഗായത്രി മന്ത്രം, ശിവ അഷ്ടോത്തര നാമാവലി, ശിവ സഹസ്രനാമം എന്നിവ ജപിക്കുന്നത് ശിവരാത്രിക്ക് ഉത്തമമാണ്.
ശിവസ്തോത്രങ്ങളും മന്ത്രങ്ങളും മനസ്സിലും നാവിലും സദാ ഉണ്ടായിരിക്കണം.ശ്രദ്ധയോടും നിഷ്ഠയോടും ഭക്തിയോടും കൂടി മഹാശിവരാത്രി ദിവസം ശിവപൂജ ചെയ്യുന്നവർക്ക് ഭഗവദ് അനുഗ്രഹം സിദ്ധിക്കും. രാത്രിമുഴുവനും പിറ്റേ ദിവസം പകലും ഉറക്കം പാടില്ല. നട്ടെല്ല് നിവർന്ന് ജാഗ്രതാവസ്ഥയിലിരിക്കണം എന്നത് കൊണ്ട് തന്നെ കിടക്കുന്നത് ശിവരാത്രി ദിവസം അഭികാമ്യമല്ല.
ആ ദിവസം ശിവപാർവ്വതിമാരുടെ വിവാഹദിവസമായി കണ്ട് അവരെ ആരാധിച്ചാൽ ഗാർഹിക ജീവിതത്തിൽ ഉന്നതിയുണ്ടാകുമെന്നാണ് പുരാണങ്ങൾ പറയുന്നത്. അതേ സമയം മഹാദേവൻ തൻറെ എതിരാളികളായ അസുരൻമാരെ എല്ലാം വധിച്ച ദിവസമായി കണ്ട് ശിവനെ ആരാധിച്ചാൽ ലോകജയം ഉണ്ടാകുമെന്നും പറയപ്പെടുന്നു.
കുണ്ഡലിനീ ശക്തിയും പ്രാപഞ്ചിക ശക്തികളും സാധകൻറെ ശ്രേയസ്സിന് അനുകൂലമായി ചലിക്കുന്ന ദിവസമാണ് മഹാശിവരാത്രിയെന്നും, അതുകൊണ്ടു തന്നെ സാധകൻമാർക്ക് ആ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും ആചാര്യൻമാർ പറയുന്നു. നിഷ്ഠയോടു കൂടി വ്രതമെടുത്ത് രാത്രി മുഴുവൻ ഉണർന്നിരുന്ന് സാധന ചെയ്താൽ മറ്റ്ദിവസങ്ങളിലുണ്ടാവുന്നതിനേക്കാൽ ആദ്ധ്യാത്മിക ശ്രേയസ് ആ ഒരൊറ്റ ദിവസംകൊണ്ട് ലഭിക്കും എന്നാണ് പറയപ്പെടുന്നത്.
Discussion about this post