ന്യൂഡൽഹി: അന്ന് വരെ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിദേശകാര്യമന്ത്രി ആയിരിന്നു ഒന്നാം മോദി സർക്കാരിന്റെ ഭാഗമായിരുന്ന സുഷമാ സ്വരാജ്. കാലം ആയുസ്സെത്തും മുമ്പേ അവരെ തിരിച്ചു വിളിച്ചെങ്കിലും ദുരന്ത മുഖത്തും ആപത് ഘട്ടങ്ങളിലും സുഷമാ സ്വരാജ് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. ബി ജെ പി യുടെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായ സുഷമാ സ്വരാജിനോടുള്ള ആദരവെന്ന വണ്ണം ലോക് സഭയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് അവരുടെ മകൾ ബാൻസുരി സ്വരാജ്
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് പകരം ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ബൻസൂരി മത്സരിക്കുന്നത്. എന്നാൽ വെറുതെ സുഷമാ സ്വരാജിന്റെ മകൾ എന്ന നിലയിലല്ല ബാൻസുരി വരുന്നത്. എന്ത് കൊണ്ടും ആരോടും കിടപിടിക്കാവുന്ന വ്യക്തിത്വവും ഔദ്യോഗിക മഹിമയും ആണ് സുഷമാ സ്വരാജിന്റെ ഈ മകളെ വ്യത്യസ്തയാക്കുന്നത്.
2023ൽ ഡൽഹിയിലെ ബിജെപിയുടെ ലീഗൽ സെല്ലിൻ്റെ കോ-കൺവീനറായാണ് ബാൻസുരി സ്വരാജിനെ ബി ജെ പി ആദ്യമായി ഒരു സ്ഥാനത്തേക്ക് കൊണ്ട് വരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവർക്കൊപ്പം തൻ്റെ പേര് ഉൾപ്പെടുത്തിയതോടെ ദേശീയ ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് ഈ സുപ്രീം കോടതി വക്കീൽ.
എന്നാൽ സുഷമാ സ്വരാജിന്റെ മകൾ എന്നതിലുപരി ആരാണ് ബാൻസുരി. അവരെക്കുറിച്ചുള്ള ആറ് കാര്യങ്ങൾ അറിയാം
1. മുൻ വിദേശകാര്യ മന്ത്രി അന്തരിച്ച സുഷമ സ്വരാജിൻ്റെ മകളായ ബാൻസുരി സുപ്രീം കോടതിയിലെ അഭിഭാഷകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അവർ നിയമത്തിൽ ബിരുദാനന്തര ബിരുദം ചെയ്തത് . അതിനു മുമ്പ് , ഇംഗ്ലണ്ടിലെ വാർവിക്ക് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ ബിരുദം പൂർത്തിയാക്കിയിരുന്നു.
2. ദീർഘമായ ഔദ്യോഗിക ജീവിതം ഉള്ള വ്യക്തിയാണ് ഇപ്പോൾ 40 വയസ്സുള്ള ബാൻസുരി. ഹരിയാനയുടെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്ന ബൻസുരി 2007 മുതൽ സ്വകാര്യ പ്രാക്ടീസിലാണ്.
3. ഡൽഹി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച പട്ടികയിൽ ഏറ്റവും മുകളിലായാണ് ബാൻസുരിയുടെ പേരുണ്ടായിരുന്നത് . ബി ജെ പി യുടെ കേന്ദ്ര കമ്മിറ്റിയും അവരുടെ പേര് നിലനിർത്തി
4. കഴിഞ്ഞ ഒരു വർഷക്കാലം , ഡൽഹിയിലെ എഎപി സർക്കാരിനെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ബാൻസുരി ഡൽഹി രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
5. കെജ്‌രിവാളിനെതിരെ അടുത്തിടെ നടത്തിയ ആക്രമണത്തിൽ, ബിജെപിയിൽ ചേരാൻ തൻ്റെ മേൽ സമ്മർദ്ദമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടതിന് ശേഷം തൻ്റെ പാർട്ടിക്ക് ഒരിക്കലും കെജ്‌രിവാളിനെ ആവശ്യമില്ലെന്ന് പറഞ്ഞ് ബാൻസുരി രംഗത്ത് എത്തിയിരുന്നു.
6. ഡൽഹിയിൽ ജനിച്ച ഇപ്പോൾ 39 വയസ്സുള്ള ബാൻസുരി ഇപ്പോഴും അവിവാഹിതയായാണ് തുടരുന്നത്. തന്റെ അമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്ന് പറഞ്ഞ അവർ, അവരുടെ മകളായി ജനിച്ചത് തന്റെ പൂർവ്വ ജന്മ പുണ്യം ആണെന്നാണ് കരുതുന്നത്.
“ഞാൻ നന്ദിയുള്ളവളാണ് . എനിക്ക് ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ജിയോടും ജെ പി നദ്ദാ ജിയോടും ഓരോ ബിജെപി പ്രവർത്തകനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അബ് കി ബാർ 400 പാർ എന്ന സന്ദേശം ഞങ്ങൾ യാഥാർഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്തവണയും ഈ രാജ്യത്തിൻറെ പ്രധാന സേവകനാക്കും. ബാൻസുരി പറഞ്ഞു
Discussion about this post