പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി. നേർച്ചയുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തിരികെ പോകുമ്പോൾ ലോറിയിൽ നിന്നുമായിരുന്നു ആന വിരണ്ട് ഓടിയത്. ആനയെ കൊണ്ടുപോകുന്നതിനിടെ തിരുനെല്ലായ് വടക്കുമുറിയ്ക്ക് സമീപമെത്തിയപ്പോൾ ചായ കുടിയ്ക്കാനായി ഡ്രൈവർ ലോറി നിർത്തിയിട്ടിരുന്നു. ഇതിനിടെ ആന ലോറിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
ജനവാസ മേഖലയിൽ എത്തിയ ആന രണ്ട് പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേഖലകളിലെ വീടുകൾക്കും ആനയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
അമ്പാട് ഭാഗത്ത് എത്തിയപ്പോൾ ആന ശാന്തനായി. ഇതോടെ തളയ്ക്കാനായുള്ള ശ്രമവും ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
Discussion about this post