തിരുവനന്തപുരം: കാര്യവട്ടം കോളേജ് കാലഘട്ടത്തിലെ ഹോസ്റ്റൽ അനുഭവങ്ങളെ കുറിച്ച് കുറിപ്പുമായി ഡോ. എകെ വാസു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു ദളിത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രവർത്തകനായത് കൊണ്ട് തന്നെ തനിക്ക് ഹോസ്റ്റൽ റും അനുവദിച്ച് കിട്ടിയിരുന്നില്ലെന്നും പല രാത്രികളിലും ടെറസിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഹോസ്റ്റലിൽ ആർക്ക് അഡ്മിഷൻ കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നത് അവിടെ ഉണ്ടായിരുന്ന പ്രബല വിദ്യാർത്ഥി സംഘടനയുടെ ഉത്തരവനുസരിച്ചായിരുന്നു എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം കാര്യവട്ടം
റിസർച്ച് ഹോസ്റ്റലിന്റെ ടെറസിൽ
പല ദിവസങ്ങളും ഞാൻ രാത്രി കിടന്നുറങ്ങിയിട്ടുണ്ട് ……….
ആലങ്ങോടന്റെ തട്ടുകടയിൽ നിന്നും
ഒരുനേരംമാത്രം ഭക്ഷണംകഴിച്ചുകൊണ്ട് ………….
എനിക്ക് ഹോസ്റ്റൽ മുറി അനുവദിച്ചുകിട്ടിയിരുന്നില്ല .
കാരണം ഞാൻ ദളിത് വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രവർത്തകനായിരുന്നു.
ഹോസ്റ്റലിന് അപ്ലിക്കേഷൻ കൊടുത്താൽ, അവിടെ ആർക്ക് അഡ്മിഷൻ കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അവിടുത്തെ പ്രബല വിദ്യാർത്ഥി സംഘടനയുടെ തിട്ടുരം അനുസരിച്ചാണ്.
ഹോസ്റ്റൽ വാർഡനായ അധ്യാപകനെ അദ്ദേഹത്തിൻറെ ക്വോർട്ടേഴ്‌സിൽ നേരിൽ പോയി കാണുന്നു ………
അദ്ദേഹം എനിക്ക് മുറി അനുവദിച്ചു തരില്ലെന്ന്കട്ടായം പറഞ്ഞു………
ഞാൻ പറഞ്ഞു ,
മുറി കിട്ടാത്തവരിൽ ഞാനാണ് ഏറ്റവും ദൂരത്തുനിന്നുംവരുന്നത് തിരുവനന്തപുരത്തും കൊല്ലത്തുമുള്ള നിരവധി പേർക്ക് നിങ്ങൾ അഡ്മിഷൻ കൊടുത്തു കഴിഞ്ഞു . ………
SC എന്ന നിലയിലും
കൂടുതൽ ദൂരത്തുനിന്നും വരുന്ന ആൾ എന്ന നിലയിലും നിങ്ങളെന്നെ പരിഗണിക്കാതിരിക്കുന്നത് അനീതിയാണെന്നും സൂചിപ്പിച്ചു………
എനിക്ക് മുറി കിട്ടാതെ ഇവിടെ M.Phil പഠനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല…….
പഠനം തുടരാൻ കഴിയില്ലെങ്കിൽ നിർത്തി വീട്ടിലേക്ക് പൊയ്‌ക്കൊള്ളൂ എന്ന് വാർഡൻ മുഖത്തടിച്ച പോലെ പറഞ്ഞു…….
ഞാൻ പറഞ്ഞു ,
മുറി തന്നില്ലെങ്കിൽ ഞാൻ ഹൈക്കോടതിയിൽ കേസ് കൊടുക്കും.
എന്നാ താൻ കേസ് കൊടുക്കൂ….
എന്ന് അധ്യാപകൻ പറഞ്ഞു.
എൻറെ വീട് എറണാകുളത്താണ്
കേസ് തോറ്റാലും ജയിച്ചാലും എനിക്ക് അധിക ദൂരം ഹൈക്കോടതിയിലേക്ക് സഞ്ചരിക്കേണ്ടതില്ല ,
പക്ഷേ നിങ്ങൾ തിരുവനന്തപുരത്തു നിന്നും പലവട്ടം എറണാകുളത്തേക്ക് വരേണ്ടിവരും. ആ ചെറിയ ശിക്ഷയെങ്കിലും നിങ്ങൾക്കായി എനിക്ക് നൽകാൻ കഴിയും …….
ഞാൻ തിരികെ കാര്യവട്ടം ക്യാമ്പസിൽ തെരുവുനായ്ക്കളെ മാത്രം വിശ്വസിച്ച് അലഞ്ഞു നടന്നു…..
ഉറക്കം ചുറ്റിയ പാതിരാത്രിയിൽ മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ
കാടും അതിവിജനതയുമുള്ള ടറസിൽ അന്ന് കിടന്നുറങ്ങി…….
പിറ്റേ ദിവസവും ഞാൻ വാർഡന്റെ ക്വാർട്ടേഴ്‌സിൽ എത്തി അന്ന് ഒരു പുൽപ്പായ കയ്യിൽ കരുതിയിരുന്നു .
മുറിതരില്ല…
അന്നും വാർഡൻ ഉറപ്പിച്ചു പറഞ്ഞു ………
ഞാൻ എൻറെ പുൽപ്പായ അദ്ദേഹത്തിൻറെ കാർപോർച്ചിൽ നീട്ടിവിരിച്ചു ………
എനിക്ക് എവിടെയെങ്കിലും കിടന്നുറങ്ങണം അതിവിടെയായാലും മതി ……..
പിന്നീട് ഹോസ്റ്റലിൽ നിന്നും
ഭരണത്തിനൊപ്പം നിൽക്കുന്ന ദളിതരായ സുഹൃത്തുക്കളിൽ നിന്നും വിളിവന്നു സാറിനെ ശല്യം ചെയ്യേണ്ട :
നിനക്ക് മുറികിട്ടും………
അങ്ങനെയാണ് കാര്യവട്ടം റിസർച്ച് ഹോസ്റ്റലിൽ എനിക്ക് മുറി കിട്ടിയത്………
വിദ്യാർത്ഥി സംഘടനകളെക്കാൾ ഭീകരരാണ് വിദ്യാർത്ഥി സംഘടനകളുടെ രക്ഷകർത്താക്കൾ ……
വിദ്യാർത്ഥി സംഘടനകൾ ഭൂതങ്ങളാണെങ്കിൽ അതിനെ നിറച്ചുവയ്ക്കുന്ന കുപ്പികളാണ്
അവിടെ സ്ഥിരം തുടരുന്ന അധ്യാപക സംഘടനകളും ഉദ്യോഗസ്ഥ സംഘടനകളും.
അത്തരം ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നത് ജനാധിപത്യ ഭരണത്തിന്റെ ഉത്തരവാദിത്തമാണ്.
അല്ലെങ്കിൽ അവർ ഇനിയും വിദ്യാർത്ഥികളെ ദ്രോഹിച്ചു കൊണ്ടേയിരിക്കും.
Mphil പ്രബന്ധം സമർപ്പിക്കാൻ
രണ്ടുമാസം കൂടി യൂണിവേഴ്‌സിറ്റി നീട്ടിത്തന്നിട്ടും എന്നോടു മാത്രം മുറി ഒഴിയാൻ കത്തയച്ച ചരിത്രവും കേരള യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർക്കുണ്ട് …
Discussion about this post