കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലാട്ട് എബ്രഹാം (70) ആണ് മരിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം. കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വച്ചാണ് എബ്രഹാമിനെ കാട്ട് പോത്ത് ആക്രമിച്ചത്. ജോലി ചെയ്യുന്നതിനിടെ കാട്ട് പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ തോളിന്റെ ഭാഗത്ത് സാരമായി പരിക്കേറ്റു.
സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നവർ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കിയിൽ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സംസ്ഥാനത്ത് വന്യജീവി ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post