തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു. 108 ആംബുലൻസിനുള്ളിലാണ് 24 കാരിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. തോട്ടയ്ക്കാട് കരവാരം മരങ്ങാട്ട്‌കോണം സ്വദേശിനിയാണ് യുവതി. ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലാണ് യുവതി പ്രസവത്തിനായി എത്തിയത്. എന്നാൽ, നില വഷളായതോടെ, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തന്നെയാണ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ആംബുലൻസ് പൈലറ്റ് പ്രതീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എം.എസ് എന്നിവർ ആശുപത്രിയിലെത്തി യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ, ആംബുലൻസ് മംഗലപുരം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മക്കും കുഞ്ഞിനും അപകടമാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെ, ആംബുലൻസിൽ തന്നെ ഇതിനുള്ള സജീകരണങ്ങൾ ചെയ്യുകയായിരുന്നു.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാറിന്റെ പരിചരണത്തിൽ പുലർച്ചെ 1.10ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് യുവതിക്ക് പ്രഥമ ശുശ്രൂഷയും നൽകി. പിന്നീട് അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
Discussion about this post