എറണാകുളം: ആലുവ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്കായാണ് മെട്രോയുടെ ഈ മാറ്റം. മാർച്ച് 8, 9 തീയതികളിലാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്.
സമയം ക്രമീകരിച്ചിരിക്കുന്നത് ഇങ്ങനെ
സാധാരണയായി മെട്രോ സർവീസ് രാവിലെ 6 മുതൽ രാത്രി 10. 30 വരെയാണ്. എന്നാൽ മാർച്ച് 8 ന് രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. രാത്രി 10:30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. മാർച്ച് 9ന് പുലർച്ചെ 4:30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവ്വീസ്. മെട്രോയുടെ ഈ തീരുമാനം ബലിദർപ്പണത്തിന് വരുന്നവർക്ക് മാത്രമല്ല് ഉപയോഗപ്രദമാവാൻ പോവുന്നത്. അന്നേ ദിവസം നടക്കുന്ന യുപിഎസ് സി പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ സമയക്രമം ഉപകാരപ്രദമാകും.
ശിവരാത്രിയുടെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിൽ എത്തിച്ചേരാൻ പ്രത്യേക ട്രെയിൻ സർവ്വീസുകൾ ഇന്ത്യൻ റെയിൽവേ ശിവരാത്രി ദിനമായ മാർച്ച് ഏഴിന് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഷൊർണൂർ-തൃശ്ശൂർ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിൻ തൃശ്ശൂരിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. മാർച്ച് ഏഴിന് വൈകീട്ട് സർവീസ് നടത്തുന്ന നിലമ്പൂർ കോട്ടയം എക്പ്രസ്സ് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ കൂടാതെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി, എന്നീ സ്റ്റേഷനുകളിലും നിർത്തും.
ട്രെയിനുകൾക്ക് പുറമേ കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ 250 ബസുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ആലുവയിലേക്ക് പ്രത്യേക സർവീസ് നടത്തുക. ഇതിനായി മണപ്പുറത്ത് താൽക്കാലിക ബസ് സ്റ്റേഷനും മാസ്റ്റർ ഓഫീസും വർക്ക് ക്ഷോപ്പും സ്ഥാപിക്കാൻ തീരുമനിച്ചിട്ടുണ്ട്.
Discussion about this post