തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ. മടുത്തിട്ടാണ് താൻ പാർട്ടി വിടുന്നതെന്ന് പത്മജ. പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി.
ബിജെപി പ്രവേശനത്തിൽ കോൺഗ്രസ് നേതാവും സഹോദരനുമായ കെ മുരളീധരന്റെ വിമർശനങ്ങളും പത്മജ തള്ളി.തന്നെ നാണംകെടുത്തിയിട്ടാണ് അവർ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നൽകിയത്. വൈസ് പ്രസിഡന്റായിരുന്ന തന്നെ തരംതാഴ്ത്തി. അർഹമായ പരിഗണനയാണ് തന്നതെന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. നേരിട്ട് ഏറ്റുമുട്ടിയ എൽഡിഎഫിനുപോലും പിതാവ് കെ. കരുണാകരൻ കൈകൊടുത്തിട്ടുണ്ട്. താൻ കെ. മുരളീധരനെപ്പോലെ പല പാർട്ടിയിൽ പോയി വന്ന ആളല്ലെന്നും അവർ കൂട്ടിച്ചേർത്തു. വർക് ഫ്രം ഹോം ആയിരുന്നെന്ന കെ.മുരളീധരന്റെ പരാമർശം വേദനിപ്പിച്ചുവെന്ന് പത്മജ വേണുഗോപാൽ. രാഷ്ട്രീയത്തിൻറെ പേരിൽ സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെ പറയരുതെന്നും പത്മജ കുറ്റപ്പെടുത്തി.
മുരളീധരൻ എൻ.സി.പിയിലും ഡി.ഐ.സിയിൽ പോയപ്പോഴൊന്നും സഹോദര ബന്ധം താൻ ഉപേക്ഷിച്ചിട്ടില്ല. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പലരും ഫോൺ പോലും എടുത്തില്ല. ഇപ്പോൾ നേതാക്കൾ എല്ലാം ഫോൺ വിളിക്കുകയാണ്. വി.ഡി.സതീശനും രമേശ് ചെന്നത്തലയും ഒഴികെ എല്ലാവരും വിളിക്കുന്നെന്നും പത്മജ പറഞ്ഞു.
ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം ഒരു നല്ല നേതാവാണ്. ഞാൻ മോദിയിൽ കണ്ടത് അത്തരത്തിലെ നല്ല നേതൃത്വപാടവമാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് പത്മജ വെളിപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം തന്നെ കോൺഗ്രസുമായി അകന്നിരിക്കുകയായിരുന്നു. എന്നെ തോൽപ്പിച്ചതാരാണെന്ന് എനിക്ക് നല്ലപോലെ അറിയാം. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും പാർട്ടി ഒരു പരിഗണനയും തന്നില്ല. ഞാൻ പരാതി നൽകിയ ആൾക്കാരെതന്നെ എന്റെ മൂക്കിനുതാഴെ കൊണ്ടുനിർത്തി. ഇതെനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അതിനാലാണ് ഞാൻ ഒന്നിലും സജീവമാകാതിരുന്നത്. ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ച് ഇവിടെനിന്ന് പോകണം.ഞാൻ ചതിയല്ല ചെയ്യുന്നത്. എന്റെ മനസിന്റെ വേദനകളാണിത്. അവരെന്നെ ഇതിലേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോൾ പോകുമ്പോഴും എനിക്ക് ആരോടും ഒരു പരാതിയുമില്ല. ആരുവേണമെങ്കിലും എന്ത് പറഞ്ഞാലും എനിക്ക് പരാതിയുമില്ല വിഷമവുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസാണെന്നെ ബിജെപിയാക്കിയത്.എന്റെ അച്ഛൻ എത്ര വിഷമത്തോടെയാണ് ഇവിടെനിന്ന് പോയതെന്ന് എനിക്കറിയാം. സഹോദരൻ അച്ഛനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. കെ മുരളീധരൻ എന്നോട് ഓരോന്ന് ദ്രോഹം ചെയ്തപ്പോൾ നേതാക്കളെയാരും കണ്ടില്ല. എന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ബിജെപിയോ കമ്മ്യൂണിസ്റ്റോ അല്ല, കോൺഗ്രസുകാർ തന്നെയാണ്. ഇതിന്റെ പേരിൽ കെ മുരളീധരൻ എന്നോടുള്ള ബന്ധം ഉപേക്ഷിച്ചാലും ഒന്നുമില്ല. ഒരു ഉപാധികളുമില്ലാതെയാണ് ബിജെപിയിലേയ്ക്ക് പോകുന്നത്. മനസമാധാനമായി പ്രവർത്തിക്കണമെന്ന് മാത്രമേയുള്ളൂയെന്ന് അവർ വ്യക്തമാക്കിയിരുന്നു.
Discussion about this post