തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപെ കെ. മുരളീധന് വേണ്ടി പ്രചാരണം ആരംഭിച്ച് ടി.എൻ പ്രതാപൻ എംപി. കെ. മുരളീധരന് വേണ്ടി ചുവരെഴുതിയാണ് പ്രതാപൻ പ്രചാരണം ആരംഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ കെ. മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ ധൃതിപ്പെട്ടുള്ള പ്രചാരണം.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് തൊട്ട് പിന്നാലെയാണ് മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ വ്യാപകമായി വാർത്തകളും പ്രചരിക്കുകയായിരുന്നു. എന്നാൽ ഇതുവരെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് ടിഎൻ പ്രതാപൻ മുരളീധരന് വേണ്ടി ചുവരെഴുതാൻ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ് ടി എൻ പ്രതാപൻ. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും അദ്ദേഹം വീണ്ടും മത്സരിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകൾ. എന്നാൽ പിന്നീട് മത്സരിക്കേണ്ടെന്ന് പാർട്ടി നിർദ്ദേശിക്കുകയായിരുന്നു. വടകരയിൽ നിന്നുള്ള എംപിയാണ് കെ. മുരളീധരൻ. ഇക്കുറിയും അദ്ദേഹം ഇതേ മണ്ഡലത്തിൽ തന്നെ മത്സരിക്കും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിനിടെയാണ് പ്രതാപൻ മുരളീധരനായി പ്രചാരണം ആരംഭിച്ചത്.
Discussion about this post