തിരുവനന്തപുരം; കോൺഗ്രസ് നേതാവും സഹോദരനുമായ കെ മുരളീധരനെതിരെ പദ്മജ വേണുഗോപാൽ. അനിയനായിരുന്നുവെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പദ്മജ പറഞ്ഞു. കെ മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിലാണ് വിമർശനം. ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാർട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ എത്തുമെന്നും പദ്മജ പറഞ്ഞു. സ്വന്തം രക്തമാണെന്നും രാഷ്ട്രീയവും വ്യക്തിജീവിതവും രണ്ടായി കാണുന്നയാളാണ് താനെന്നും പദ്മജ കൂട്ടിച്ചേർത്തു. ഒരു കുടുംബത്തിൽ നിന്ന് മറ്റ് കുടുംബത്തിൽ വന്നതുപോലെയുള്ള വ്യത്യാസമെ ഇപ്പോൾ ഉള്ളുയെന്ന് അവർ വ്യക്തമാക്കി.
എത്രയോ ആളുകൾ കോൺഗ്രസിൽ നിന്ന് പാർട്ടി വിട്ടുപോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽനിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവർ വെളിപ്പെടുത്തി.
Discussion about this post