വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കുള്ളവരാണ് രണ്ട് പേരും. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
കേസിൽ 18 പേരെയാണ് പ്രതിചേർത്തിരുന്നത്. നേരത്തെ പ്രധാന പ്രതിയടക്കം 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിയും നസീഫും അറസ്റ്റിലായതോടെ കേസിൽ മുഴുവൻ പേരും അറസ്റ്റിലായതായി ഡിജിപി വ്യക്തമാക്കി.
അതേസമയം സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇനി മുതൽ സിബിഐ ആകും അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ സിദ്ധാർത്ഥിന്റെ അച്ഛൻ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിലാണ് അനുകൂല നടപടി.
Discussion about this post