തൃശൂർ: വെള്ളിക്കുളങ്ങരയിൽ നിന്നും കാണാതായ വനവാസി ബാലന്മാർ മരിച്ച നിലയിൽ. ശാസ്താംപൂവം കോളനി നിവാസികളായ സജിക്കുട്ടൻ (16) അരുൺ (8) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വനവാസി ബാലന്മാരെ കാണാതെ ആയത്. ഇരുവരും അയൽവാസികളാണ്. കാടിന് സമീപത്ത് വീടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഇവർ പോയി എന്നായിരുന്നു ആദ്യം വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഏറെ വൈകിയും ഇരുവരെയും കാണാതെ ആയതോടെ വീട്ടുകാർക്ക് ആശങ്കയായി.
വൈകീട്ട് തിരിച്ച് വരുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിൽ അകപ്പെട്ടിരിക്കാം എന്നായിരുന്നു സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വനംവകുപ്പും പോലീസും ചേർന്ന് ഉൾക്കാട്ടിലും മറ്റും വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ കോളനിയ്ക്ക് സമീപമായിരുന്നു തിരച്ചിൽ. രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ ആറ് മണിയ്ക്ക് വീണ്ടും തുടരുകയായിരുന്നു. പത്ത് പേരുള്ള സംഘങ്ങളായി തിരിഞ്ഞുള്ള ഏഴ് സംഘങ്ങളായിട്ടായിരുന്നു തിരച്ചിൽ.
ആദ്യം അരുണിന്റെ മൃതദേഹം ആയിരുന്നു കണ്ടെടുത്തത്. ഇതിന് ശേഷം അൽപ്പം അകലെയായി സജിക്കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിലെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
Discussion about this post