തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. സംഭവ സമയം നിരവധി പേർ പാലത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. എന്നാൽ ശക്തമായ തിരയിൽ ഇവർക്ക് കരയിലേക്ക് നീങ്ങാൻ സാധിച്ചില്ല. സുരക്ഷാ ജീവനക്കാരാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വർക്കല താലൂക്ക് ആശുപത്രിയിൽ ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയിൽപ്പെട്ട് ബ്രിഡ്ജിന്റെ പകുതിയിലേറെ ഭാഗം അപകടത്തിൽ തകർന്നു.
100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് നിർമ്മിച്ചത്. ഏകദേശം 1, 400 പ്ലാസ്റ്റിക് ബ്ലോക്കുകൾ കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്.
Discussion about this post