മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ടൊവിനോ തോമസ്. വാണിജ്യ ചിത്രങ്ങൾക്കൊപ്പം സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇപ്പോൾ താരത്തെ തേടിയെത്തിയിരിക്കുന്നത്.
44 വർഷമായി ഒരു ഇന്ത്യൻ നടനും ലഭിക്കാത്ത ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനായി താരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടർ ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ എന്ന സിനിമയിലെ പ്രകടനമാണ് അവാർഡിനർഹമായത്. ഇതാദ്യമായാണ് പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഒരു ഇന്ത്യൻ സിനിമ ഫൈനൽ റൗണ്ടിൽ എത്തുന്നതും അതിലെ നടന് അവാർഡ് ലഭിക്കുന്നതും. 44 വർഷത്തെ ചരിത്രത്തിൽ ഒരു ഇന്ത്യൻ സിനിമക്കും ഈ നേട്ടം നേടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ സിനിമകളെ പിന്തള്ളിയാണ് ടൊവിനോ ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വർഷം ടൊവിനോ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അവാർഡാണ് ഇത്. പോയ വർഷത്തെ മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാർഡും ടൊവിനോ തോമസ് നേടിയിരുന്നു. 2018 എന്ന സിനിമയിലെ അഭിനയമാണ് ടൊവിനോക്ക് ഈ അവാർഡ് നേടിക്കൊടുത്തത്. ഒരു വർഷം തന്നെ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടുക എന്ന അത്യപൂർവ നേട്ടവും ഇതോടെ താരത്തിന് മാത്രം സ്വന്തമായിരിക്കുകയാണ്.
ഈ വർഷം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും അദൃശ്യ ജാലകത്തിനുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തിയ വിവരം ടൊവിനോ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019 ൽ ഇതേ മേളയിൽ ഡോ.ബിജുവിന്റെ തന്നെ ‘പെയിന്റിംഗ് ലൈഫ്’ എന്ന ചിത്രം ഡയറക്ടേഴ്‌സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് നേടുകയും ചെയ്തിരുന്നു. താലിൻ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൊവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം രാധികാ ലാവുവിന്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്.
അതേസമയം, ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഡാർവിൻ കുര്യാക്കോസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഒടിടി റിലീസ് ചെയ്ത ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
Discussion about this post