ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഇന്ത്യൻ മുസ്ലിംകൾ ആശങ്കപ്പെടേണ്ടതില്ല, അവരുടെ പൗരത്വം എടുത്തുകളയാൻ കഴിയില്ല. 18 കോടി ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഹിന്ദുക്കളെപ്പോലെ തുല്യ അവകാശങ്ങളുണ്ടെന്നും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹാജരാക്കാൻ ഒരു പൗരനോടും ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വ്യാജപ്രചരണങ്ങൾക്കാണ് ഇതോടെ കേന്ദ്രസർക്കാർ തടയിട്ടിരിക്കുന്നത്. സി.എ.എയുടെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിങ്ങൾക്ക് ഒരു ഭയപ്പാടും വേണ്ട. അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു നിബന്ധനയും നിയമത്തിൽ ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചില മുസ്ലീം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ കാരണം ‘ഇസ്ലാമിന്റെ പേര് മോശമായി’ എന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും നിമിത്തം ലോകമെമ്പാടും ഇസ്ലാമിന്റെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യമുണ്ടായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്‌ലാം ഒരിക്കലും മതാടിസ്ഥാനത്തിലുള്ള അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് പീഡിതരോട് കാരുണ്യം കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരിൽ ലോകത്തിനു മുന്നിൽ ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ഒരു രാജ്യവുമായും ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടില്ല. അതിനാൽ സി.എ.എ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന മുസ്ലിംകളും വിദ്യാർഥികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവാത്തതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post