തിരുവനന്തപുരം: വലിയ നഷ്ടം സഹിച്ചാണ് സർക്കാർ കെ- റൈസ് വിപണിയിൽ എത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ- റൈസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ ലാഭം മുന്നിൽ കണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ ഭാരത് അരി വിൽക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭാരത് അരിയ്ക്ക് പകരമായി സംസ്ഥാനം കൊണ്ടുവന്ന കെ റൈസ് നഷ്ടം സഹിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. കിലോയ്ക്ക് 40 രൂപ എന്ന നിരക്കിലാണ് സംസ്ഥാനം അരി വാങ്ങുന്നത്. ഇത് 28 രൂപയ്ക്ക് വിൽക്കുന്നു. ഇതിലൂടെ 10-11 രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഇന്ന് സപ്ലൈകോയ്ക്ക് പലവിധ ബ്രാൻഡുകളോട് മത്സരിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും പിണറായി കൂട്ടിച്ചേർത്തു.
കെ റൈസ് അഞ്ച് കിലോ കിട്ടുമ്പോൾ ബ്രാന്റ് ചെയ്യാത്ത 5 കിലോ വേറെയുമുണ്ട്. കേന്ദ്രം തോന്നിയപോലെയാണ് പലമേഖലകളിലും ഇടപെടൽ നടത്തുന്നത്. 10 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അരിയാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് എന്ന പേരിൽ നൽകുന്നത്. 18 രൂപയ്ക്കാണ് കേന്ദ്രം അരിവാങ്ങുന്നത്. 29 രൂപയ്ക്ക് വിൽക്കുന്നു. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. എന്നാൽ അതേ സ്ഥാനത്ത് കേരളം നഷ്ടംസഹിക്കുന്നു. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post