കോഴിക്കോട്:പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ റിമാൻഡിൽ. എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. രണ്ടാഴ്ചത്തേയ്ക്ക് ആണ് റിമാൻഡ്.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വസീം പിണങ്ങോട്, ജില്ലാ ജനറൽ സെക്രട്ടറി റൗസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡന്റ് ആദില അലി, ജില്ലാ കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ അറസ്റ്റ്. ഇതിന് പിന്നാലെ എട്ട് പേരെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജസിട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
നിയമത്തിനെതിരെ പ്രതിഷേധിച്ച് കോഴിക്കോട് ആകാശവാണിയിലേക്ക് ആയിരുന്നു ഇവർ മാർച്ച് നടത്തിയത്. ഇതിനിടെ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടി. അറസ്റ്റിലായവർക്കെതിരെ കലാപ ശ്രമം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.
Discussion about this post