ഇടുക്കി: സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞുതന്നെയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അംഗത്വം പുതുക്കാൻ അദ്ദേഹം വിസമ്മതിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞുതന്നെ കിടക്കട്ടെ. തന്നെ ഉപദ്രവിക്കാതിരുന്നാൽ മതി. അത്രമാത്രമേ പറയാനുള്ളൂ. ഉപദ്രവിക്കാൻ ശ്രമിച്ചാൽ മറ്റ് വഴികൾ തേടേണ്ടിവരും. തനിക്കെതിരെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി ശശി ഉണ്ടാക്കിയ തെളിവുകൾ എല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ചില പ്രദേശിക നേതാക്കൾ രാജേന്ദ്രനെ സമീപിക്കുകയും സിപിഎം അംഗത്വം പുതുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജേന്ദ്രൻ നിലപാട് വ്യക്തമാക്കുകയായിരുന്നു. പാർട്ടിയിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന് മേൽ വീണ്ടും സമ്മർദ്ദമുണ്ടായി. ഇതോടെയാണ് പാർട്ടിയിലേക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചത്. ചതിയന്മാർക്കൊപ്പം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജേന്ദ്രൻ അംഗത്വം പുതുക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് പ്രതികരിച്ചത്. തനിക്ക് പാർട്ടിയിൽ നിന്നും വലിയ മാനസിക വിഷമം ആയിരുന്നു ഉണ്ടായത്. ഇതിന്റെ ഭാഗമായിട്ടാണ് പാർട്ടിയിലേക്ക് ഇല്ലെന്ന തീരുമാനം എടുത്തത് എന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.
Discussion about this post