ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശ പ്രകാരം എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബോണ്ടുകളുടേയും സ്വീകരിച്ച പാർട്ടികളുടേയും വിവരങ്ങളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.ബോണ്ടുകൾ വാങ്ങുകയും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുകയും ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ രാജ്യത്തെ പ്രധാന കമ്പനികളായ അദാനി ഗ്രൂപ്പിന്റെയോ ടാറ്റയുടേയോ റിലയൻസിന്റെയോ പേരില്ലെന്നത് പ്രത്യേകതയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം,ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഡിഎൽഎഫ്, മേഘ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്നീ കമ്പനികൾ ബോണ്ടുകൾ വാങ്ങി കൂട്ടിയിട്ടുണ്ട്.
ഗ്രാസിം ഇൻഡസ്ട്രീസ്, മേഘ എഞ്ചിനീയറിംഗ്, പിരമൽ എന്റർപ്രൈസസ്, ടോറന്റ് പവർ, ഭാരതി എയർടെൽ, ഡിഎൽഎഫ് കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്‌സ്, ലക്ഷ്മി മിത്തൽ, എഡൽവീസ്, പിവിആർ, കെവെന്റർ, സുല വൈൻ, വെൽസ്പൺ, സൺ ഫാർമ എന്നിവയാണ് മറ്റ് കമ്പനികൾ.
മാർട്ടിൻ ലോട്ടറി ഏജൻസികൾ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. രണ്ട് വ്യത്യസ്ത കമ്പനികളുടെ കീഴിൽ 1,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്.
വിശദമായ കണക്കുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് 966 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി . പിപി റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒരു ഗ്യാസ് കമ്പനിയാണ് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
മുംബൈ ആസ്ഥാനമായുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി .
അനിൽ അഗർവാളിന്റെ വേദാന്ത ലിമിറ്റഡ് 398 കോടിയുടെ ബോണ്ടുകൾ വാങ്ങി, സുനിൽ മിത്തലിന്റെ മൂന്ന് കമ്പനികൾ ചേർന്ന് മൊത്തം 246 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.
ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിത്തൽ 35 കോടി രൂപയുടെ വ്യക്തിഗത ബോണ്ടുകൾ വാങ്ങി.ലക്ഷ്മി നിവാസ് മിത്തൽ, കിരൺ മജുംദാർ ഷാ, വരുൺ ഗുപ്ത, ബി കെ ഗോയങ്ക, ജൈനേന്ദ്ര ഷാ എന്നിവരും വ്യക്തിഗത ബോണ്ടുകൾ വാങ്ങിയവരിൽ ചിലർ മാത്രമാണ്.
എത്ര തുക ആർക്കെല്ലാം ലഭിച്ചു എന്നതിന്റെ മൊത്തത്തിലുള്ള കണക്ക് നേരത്തെ കേന്ദ്രം പാർലമെന്റിൽ വെച്ചിരുന്നു. ഇതുവരെ ആകെ 16,518 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റത്. ബിജെപിക്ക് ആകെ 6,566 കോടി രൂപയുടെ ബോണ്ടുകളാണ് ലഭിച്ചത്. കോൺഗ്രസ്സിന് 1,123 കോടി ലഭിച്ചു.
Discussion about this post