പത്തനംതിട്ട: ബിജെപിയിൽ സ്ത്രീകൾക്ക് വലിയ അംഗീകാരമാണ് ഉള്ളതെന്ന് വനിതാ നേതാവ് പത്മജ വേണുഗോപാൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അവർ പറഞ്ഞു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പത്മജ.
കോൺഗ്രസിന്റെ വേദികളിൽ തനിക്ക് ഒരു മൂലയിൽ ആയിരുന്നു സ്ഥാനം. എന്നാൽ തനിക്ക് മുൻനിരയിലാണ് സ്ഥാനം. ബിജെപിയിൽ സ്ത്രീകൾക്ക് അംഗീകാരമുണ്ട്. ഭാരതം മുഴുവൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീടാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ ആശയങ്ങളും തന്നെ വല്ലാതെ ആകർഷിച്ചു. തകോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എഐസിസി ആസ്ഥാനം പൂട്ടുമെന്നും പത്മജ കൂട്ടിച്ചേർത്തു.
ഗ്രൂപ്പുകളികൾക്കിടയിലും അനിൽ ആന്റണിയുമായി നല്ല ബന്ധം ഉണ്ടായിരുന്നു. തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്നിരുന്നു. ഇതുകൊണ്ട് തന്നെയാണ് അനിലിന് വേണ്ടി ഈ വേദിയിൽ എത്തിയത്. കെ. കരുണാകരന്റെ മകളെ പാർട്ടിയ്ക്ക് വേണ്ട. അത് തന്റെ സഹോദരൻ കെ. മുരളീധരന് വ്യക്തമാകും. അൽപ്പം വൈകിയാണെങ്കിലും സത്യങ്ങൾ അദ്ദേഹത്തിന് ബോദ്ധ്യപ്പെടുമെന്നും പത്മജ പറഞ്ഞു.
ബിജെപിയിലേക്ക് വെറുതെ വന്നത് അല്ല. അധിക്ഷേപിച്ചവരും അപമാനിച്ചവരും പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കിയവർ ആണ്. പ്രവർത്തിക്കാൻ ഒരു അവസരം. അതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. നിങ്ങളുടെ സ്വന്തം പത്മേച്ചിയാണ് താനെന്നും അവർ വ്യക്തമാക്കി.
Discussion about this post