തൃശൂർ: ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മേതിൽ ദേവിക. ഇത്രയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമതയോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കണം. സോഷ്യൽ മീഡിയയിൽ വന്നതുകൊണ്ട് മാത്രം ഇതെല്ലാം പുറത്തുവന്നു. അതിരുവിട്ട പരാമർശങ്ങളാണ് സത്യഭാമ നടത്തിയതെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി.
സത്യഭാമയുടെ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതാണ്. ഇത് ഒരു വ്യക്തിക്കു നേെര മാത്രമുള്ള അധിക്ഷേപമല്ല. ഒരു കൂട്ടായ്മക്ക് നേരെയുള്ള അധിക്ഷേപമായാണ് കണക്കാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഏറെ പ്രതിസന്ധികളെ നേരിട്ട ഒരു വ്യക്തിയാണ് ആർഎൽവി രാമകൃഷ്ണൻ. അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരുടെ അശ്രാന്തമായ പരിശ്രമം ആണ് മോഹിനിയാട്ടം പോലെയുള്ള കലാരൂപങ്ങളെ ഭിന്നിപ്പിന്റെ ചങ്ങലകളിൽ നിന്നും മോചിപ്പിക്കാൻ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൗന്ദര്യത്തെയും സമൃദ്ധിയെയുമാണ് ഇത്തരം പരാമർശങ്ങൾ കളങ്കപ്പെടുത്തുന്നത്. ലിംഗഭേദം, നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും വിവേചനം ഭയക്കാതെ പൂർണ്ണമായി പങ്കെടുക്കാനും കലയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും മേതിൽ ദേവിക കൂട്ടിച്ചേർത്തു.
Discussion about this post