തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സത്യഭാമയുടെ പരാമർശം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും ഇത്തരത്തിൽ സങ്കുജിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് യോഗ്യതയില്ലെന്നും സജി ചെറിയാൻ തുറന്നടിച്ചു.
നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തർലീനമായുള്ള ജാതിചിന്ത കൂടെയാണ് സത്യഭാമയുടെ വാക്കുകളിൽ നിന്നും വെളിവാകുന്നത്. മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി ഉള്ള കലാകാരനാണ് ആർഎൽവി രാമകൃഷ്ണൻ. ഇതോടൊപ്പം എംജി സർവകലാശാലയിൽ നിന്നും എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും കൂടി ചെയ്ത വ്യക്തിയാണ് അദ്ദേഹം. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവർക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും എല്ലാ അവകാശങ്ങൾക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കല ആരുടെയും കുത്തകയല്ലെന്ന് ഓർമിപ്പിച്ച മന്ത്രി ആർഎൽവി രാമകൃഷ്ണന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. പ്രസ്താവന പിൻവലിച്ച് സത്യഭാമ ആർഎൽവി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post