ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യമീഡിയ. വാട്‌സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും, ട്വിറ്ററും എന്ന് വേണ്ട സകലമാന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സോഷ്യൽമീഡിയ ഇപ്പോൾ നമ്മുടെ മെന്ററായും ലൈഫ് സ്റ്റെലിസ്റ്റായും മാറിയിരിക്കുന്നു. എന്നാൽ എല്ലാത്തിനും അതിന്റേതായ ചീത്തവശവും ഉണ്ടെന്ന് പറയുന്നത് പോലെ , സോഷ്യൽമീഡിയയ്ക്ക് നാം നൽകുന്ന അമിത പ്രാധാന്യം നമുക്ക് തന്നെ വിനയാകുന്നു.
അതിലൊന്നാണ് ആരോഗ്യം. എന്തെങ്കിലും അസുഖം വരുമ്പോഴേക്കും ഗൂഗിളിൽ തിരഞ്ഞോ സോഷ്യൽമീഡിയയിലെ ആരോഗ്യവിദഗ്ധനെ സമീപിച്ചോ നാം പ്രശ്‌നപരിഹാരം തേടും.
ഇപ്പോഴിതാ സോഷ്യൽമീഡിയയിലൂടെയുള്ള പല ഡയറ്റീഷ്യൻമാരും ഹിറ്റാക്കിയ തടികുറയ്ക്കാനുള്ള ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനെ കുറിച്ചുള്ള പഠനം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. കുറച്ച് നാളുകളായി ഈ രീതിക്ക് പ്രചാരമേറുകയാണുണ്ടായത്.
ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകനായ വിക്ടർ സോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏകദേശം 20,000 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ അവർ പരിശോധിച്ചു.
ഈ ഉപവാസം ശീലമാക്കുന്നവർക്ക് സംഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലിച്ചവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 12 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്നവരേക്കാൾ ഭക്ഷണ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത 91 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നതത്രേ.
എട്ട് മണിക്കൂർ സമയ നിയന്ത്രണമുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടുവെന്നും ഗവേഷകനായ സോങ് പറഞ്ഞു.
കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ സമയനിയന്ത്രിത ഭക്ഷണക്രമം പ്രശസ്തമാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രഫസർ കെയ്ത് ഫ്രെയ്ൻ പറഞ്ഞു.
2003 മുതൽ 2019 വരെ മരിച്ചവരുടെ വിവരങ്ങൾക്കൊപ്പം ചോദ്യാവലിയിലെ ഉത്തരങ്ങളും അവലോകനം ചെയ്തു. രണ്ട് ദിവസം മുൻപ് എന്ത് കഴിച്ചു എന്നത് പഠനത്തിൽ പങ്കെടുത്തവർ ഓർത്തെടുത്ത് പറയേണ്ടതിനാൽ ചിലപ്പോൾ കൃത്യതയുടെ പ്രശ്നമുണ്ടാകാമെന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്ത പകുതിയോളം പുരുഷൻമാരുടെയും ശരാശരി പ്രായം 48 വയസായിരുന്നു.
Discussion about this post