ഇന്ന് ഏഷ്യയിലെ തന്നെ അതിസമ്പന്നനാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ നിലവിലെ കണക്കനുസരിച്ച് 11-ാം സ്ഥാനത്താണ് അംബാനി. 19,63,000 കോടി രൂപ വിപണി മൂല്യമുള്ള റിലയൻസ് ഇന്റസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിക്ക് ശേഷം റിലയൻസിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് രണ്ട് പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ആകാശ് അംബാനിയും ഇഷ അംബാനിയും.
രണ്ട് മക്കളിൽ എന്നും വാർത്തകളിൽ നിറയുന്ന പേരാണ് ഇഷ അംബാനിയുടേത്. 2022ൽ റിലയൻസ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇഷയുടെ മേധാവിത്വം കൊണ്ട് മികച്ച രീതിയിൽ തന്നെയാണ് റിലയൻസ് റീട്ടെയിൽ വളരുന്നത്.
റിലയൻസ് റിട്ടെയിലിന്റെ നിലവിലെ വിപണി മൂല്യം 8,30,000 രൂപയിലധികം വരും. ആഗോള തലത്തിൽ ശ്രദ്ദേയരരായ അമീരി, അർമാനി, വെർസേസ് തുടങ്ങിയ വിദേശ ബ്രാന്റുകൾ ഇന്ന് ഇന്ത്യയിൽ കൈകാര്യം ചെയ്യുന്നത് റിലയൻസ് റീട്ടെയിലാണ്.
റിലയൻസിന്റെ ഈ വളർച്ചയിൽ ഇഷയെ പിന്തുണയ്ക്കുന്ന നിരവധി വിശ്വസ്തരുണ്ട്. അതിൽ പ്രധാനിയാണ് ദർശൻ മേത്ത. 2007ലാണ് റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ റിലയൻസ് ബ്രാൻഡ്‌സിന് തുടക്കമിട്ടത്. ഇഷയുടെ വലംകൈ എന്നറിയപ്പെടുന്ന ദർശൻ മേത്ത ബ്രാൻഡ്‌സിന്റെ ആദ്യ ജീവനക്കാരനാണ്. നിലവിൽ റിലയൻസ് ബ്രാൻഡ്‌സിന്റെ പ്രസിഡന്റും എംഡിയുമാണ് അദ്ദേഹം.
ബിസിനസ് ലോകത്ത് കൗശലക്കാരനായ ബിസിനസ് ലീഡർ വിളിപ്പേരിന്റെ ഉടമയാണ് ദർശൻ മേത്ത. ഇഷയുടെ ഈ സഹായി ഇഷയ്ക്ക് വെറും 15 വയസുള്ളപ്പോൾ റിലയൻസിന്റെ കൂടെ ചേർന്നതാണ്.
കമ്പനി രേഖകൾ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 4.89 കോടി രൂപയാണ് ദർശൻ മേത്തയുടെ മൊത്തം ശമ്പളം. ബോർഡ് പ്രവർത്തനങ്ങൾക്കപ്പുറം ട്രക്കിംഗിലും പർവതാരോഹണത്തിലും മേത്തക്ക് അഭിനിവേശമുണ്ട്.
Discussion about this post