ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റിനെതിരെ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ. സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് അദ്ദേഹം പിൻവലിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഈ സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നത്.
വിചാരണ കോടതി റിമാൻഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. അതിനാൽ സുപ്രീംകോടതിയിൽ ഹൽകിയ ഹർജിയുമായി മുന്നോട്ട് പോകുന്നതിൽ കാര്യമില്ലെന്നാണ് കെജ്രിവാളിന് ലഭിച്ചിരുന്ന നിയപോമദേശം. അതിനാലാണ് ഹർജി പരിഗണിച്ചത്. സുപ്രീംകോടതി മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി ആണ് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായിട്ടുള്ളത്.
ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെ ആയിരുന്നു കെജ്രിവാളിന്റെ ഹർജി. രാവിലെ ഇത് ബെഞ്ച് പരിഗണനയ്ക്കായി എടുത്തിരുന്നു. എന്നാൽ ഹർജി പിൻവലിക്കുകയാണെന്ന് മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്നലെ രാത്രിയോടെയായിരുന്നു അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായത്. വൈകീട്ട് കെജ്രിവാളിന്റെ വസതിയിൽ അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാൻ എത്തിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post