മുംബൈ: അജയ് ദേവ്ഗണിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് മൈദാൻ. ഏപ്രിൽ 10നാണ് സിനിമ തിയറ്ററുകളിലെത്തുക. പ്രശസ്ത ഫുഡ്‌ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്റെ ബയോപിക്കാണ് മൈദാൻ.
പ്രിയാമണിയാണ് സിനിമയിൽ നായികയായി എത്തുന്നത്. എന്നാൽ ചിത്രത്തിൽ ആദ്യം കീർത്തി സുരേഷിനെയാണ് നായികയാക്കാൻ തീരുമാനിച്ചിരുന്നതെന്നാണ് സംവിധായകൻ അമിത് ശർമ വെളിപ്പെടുത്തുന്നത്.
പരീശീലകനായ സയ്യിദ് അബദുൾ റഹീമിന്റെ ഭാര്യയുടെ വേഷത്തെ കുറിച്ചു ചിന്തിക്കുമ്പോൾ കൃത്യമായ ഒരു രൂപം തന്റെ മനസിൽ ഉണ്ടായിരുന്നു. ആ കഥാപാത്രം താൻ മനസിൽ കണ്ടതുപോലെ തന്നെ പ്രത്യക്ഷപ്പെടണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. കീർത്തിയെ ആണ് ആദ്യം ഈ വേഷത്തിനായി ആലോചിച്ചത്. എന്നാൽ, ആ സമയം കീർത്തി ഏറെ വണ്ണം കുറവായിരുന്നു. അതിനാൽ തന്നെ ആ വേഷത്തിന് കീർത്തി ചേരുമായിരുന്നില്ല. തുടർന്നാണ് പ്രിയാമണിയെ നായികയായി തീരുമാനിച്ചതെന്നും സംവിധായകൻ അമിത് ശർമ പറഞ്ഞു.
അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. എആർ റഹ്‌മാനാണ് ചിത്രത്തിൻറെ സംഗീതം. ഗജരാജ് റാവു, രുദ്രനിൽ ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണി കപൂർ, സീ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിച്ചത്.
Discussion about this post