കൊല്ലം: കരുനാഗപ്പള്ളിയിൽ കെ ഫോൺ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. രാത്രിയോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ലോറി ഉടമയുമായി എത്തിയാണ് തമിഴ്നാട് സ്വദേശി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്നലെ ഇയാൾ ഓടിച്ച ലോറിയിൽ തട്ടി കേബിളുകൾ പൊട്ടി വീട്ടമ്മയുടെ മേൽ വീഴുകയായിരുന്നു. കേബിളുകൾക്കിടയിൽ കുടുങ്ങിയ വീട്ടമ്മയുമായി ഏകദേശം 20 മീറ്ററോളമാണ് ലോറി മുന്നോട്ട് പോയത്.
തമിഴ്നാട് സ്വദേശി അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം ആയത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വളാലിൽ ജങ്ഷനിൽ താമസിക്കുന്ന 43 കാരിയായ സന്ധ്യയ്ക്ക് ആയിരുന്നു പരിക്കേറ്റത്. ഭർത്താവ് തുളസീധരൻറെ വർക് ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. ഇതിനിടെയാണ് തടിയുമായി ലോറി എത്തിയത്. ഇതിൽ കുടുങ്ങി കേബിളുകൾ പൊട്ടി സന്ധ്യയുടെ മേൽ വീണു. ലോറി മുന്നോട്ട് നീങ്ങിയതോടെ സന്ധ്യയും സ്‌കൂട്ടറും ദൂരേക്ക് തെറിച്ചു. സ്‌കൂട്ടർ 20 മീറ്ററോളം ഉയരെ പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണു. ഇതൊന്നുമറിയാതെ ലോറിയുമായി പോയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ ആയിരുന്നു തടഞ്ഞത്.
അപകടത്തിൽ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തോളെല്ലിന് പൊട്ടലെറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Discussion about this post