തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നടപടി നേരിട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണ്.
ആന്റി റാഗിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോ നിയമോപദേശമോ ഇല്ലാതെയാണ് ഇത്തരമൊരു നടപടി. വൈസ് ചാന്‍സലറിന് മുകളില്‍ ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർത്ഥികള്‍ക്ക് എതിരെയാണ് നടപടി എടുത്തിരുന്നത്. 31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുക്കുകയായിരുന്നു. വിസിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു.
Discussion about this post