തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കേസന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. കേസിൽ ഡീനിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യണം. അന്വേഷണം വൈകിയാൽ ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ തങ്ങളെ ചതിച്ചോ എന്ന ചോദ്യമാണ് ജയപ്രകാശ് ഉന്നയിക്കുന്നത്. ‘പ്രതികളെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നുണ്ട്. ഇനി മുഖ്യമന്ത്രിയെ കാണില്ല. എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചപ്പോൾ ആ പ്രതിഷേധത്തെ ഇല്ലാതാക്കാനും എന്നെ നിശബ്ദനാക്കാനും വേണ്ടി മാത്രമാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചു എന്നല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. എന്നെ സർക്കാർ ചതിച്ചു. ഞാൻ മിണ്ടാതിരിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. മിണ്ടാതിരുന്ന ഒരാഴ്ച്ച കൊണ്ടു തന്നെ അവർക്ക് ചെയ്യാൻ കഴിയാവുന്നതെല്ലാം അവർ ചെയ്തു. നശിപ്പിക്കാവുന്ന തെളിവുകളെല്ലാം അവർ നശിപ്പിച്ചു’- ജയപ്രകാശ് പറഞ്ഞു.
കേസ് സിബിഐക്ക് വിട്ടതിൽ ഗുരുതര വീഴ്ച്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ മാസം 9നാണ് സിദ്ധാർത്ഥിന്റെ പിതാവ് കേസ് സിബിഎൈക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. അന്ന് തന്നെ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിജ്ഞാപനം ഇറക്കി. എന്നാൽ, ഇതേതുടർന്നുള്ള മറ്റ് തുടർ നടപടികളൊന്നും കൈക്കൊണ്ടില്ല. 9ാം തിയതി ഇറക്കിയ വിജ്ഞാപനം 16-ാം തിയതി മാത്രമാണ് സിബിഐക്ക് കൈമാറിയത്. എന്നാൽ, ഇതുവരെയും പെർഫോമ റിപ്പോർട്ട് കൈമാറിയിട്ടില്ല. ഇന്നലെ മാത്രമാണ് പെർഫോമ തയ്യാറാക്കാൻ തുടങ്ങിയത്. കേസിന്റെ നാൾവഴികളാണ് പെർഫോമ റിപ്പോർട്ടിൽ ഉണ്ടാകുന്നത്.
Discussion about this post