ബംഗളൂരു: ഹാൾടിക്കറ്റ് ആട് തിന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ ബീദർ ജില്ലയിലായിരുന്നു സംഭവം. ബസവകല്യാൺ സ്വദേശിനിയായ 14 കാരിയാണ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പരീക്ഷയ്ക്കായി ഹോൾടിക്കറ്റ് തപ്പുകയായിരുന്നു വിദ്യാർത്ഥിനി. എന്നാൽ എവിടെയും കണ്ടില്ല. ഇതേ തുടർന്ന് വീടിന് പുറത്തിറങ്ങി തപ്പുകയായിരുന്നു. ആട്ടിൻകൂട്ടിൽ ഹാൾടിക്കറ്റിന്റെ ഭാഗങ്ങൾ കുട്ടി കണ്ടു. ആട് ഹാൾടിക്കറ്റ് ആട് തിന്നെന്ന് മനസിലാക്കിയ വിദ്യാർത്ഥിനി പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഭയന്നു. ഇതിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഹെഡ്മാസ്റ്റർക്ക് അറിയിപ്പ് നൽകി കൊണ്ട് കത്ത് എഴുതുകയായിരുന്നു. ഈ കത്ത് സഹോദരനെ ഏൽപ്പിച്ച് കുട്ടി വീട് വിട്ടിറങ്ങി.
തുടർന്ന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റിൽ ചാടുകയായിരുന്നു. കത്ത് വായിച്ച സഹോദരൻ വിവരം മാതാപിതാക്കളോട് പറഞ്ഞു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നും വിദ്യാർത്ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം ഹാൾടിക്കറ്റ് ഇല്ലാതെ പരീക്ഷ എഴുതാൻ കുട്ടിയ്ക്ക് സ്‌കൂൾ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
Discussion about this post