യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തെ ഉയിർപ്പ് തിരുനാൾ എന്നും അറിയപ്പെടുന്നു. ഈ വർഷത്തെ ഈസ്റ്റർ മാർച്ച് 31 നാണ് ആഘോഷിക്കുന്നത്. എന്നാൽ ക്രിസ്തീയ വിശ്വാസികളുടെ ഈ ആഘോഷ ദിനത്തിന്റെ തീയതി എല്ലാ വർഷവും മാറിക്കൊണ്ടിരിക്കും. ഈസ്റ്റർ എല്ലായ്പ്പോഴും ഞായറാഴ്ചയാണ് ആഘോഷിക്കുന്നത് .
എന്തുകൊണ്ടാണ് എല്ലാ വർഷവും ഈസ്റ്റർ തീയതി വ്യത്യാസപ്പെടുന്നത്?
ഈസ്റ്റർ ദിനത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ കൃത്യമായ ഒരു തീയതിയില്ലെങ്കിലും ഇതിന് കൃത്യമായ ഒരു കാലയളവ് ഉണ്ട്. ഈ വർഷം, ഇത് പതിവിലും അല്പം നേരത്തെ ആഘോഷിക്കുന്നു. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഈസ്റ്റർ മാർച്ച് 22 നും ഏപ്രിൽ 25നും ഇടയ്ക്കാണ് ആഘോഷിക്കുന്നത്. ജൂലിയൻ കലണ്ടർ അനുസരിച്ച് ഈസ്റ്റർ ഏപ്രിൽ 8നും മെയ് 8നും ഇടയിലാണ് ആഘോഷിക്കുന്നത്.
യഹൂദരുടെ പെസഹാ ആഘോഷദിനങ്ങളിലാണ് യേശു കുരിശിൽ തറയ്ക്കപ്പെടുന്നത്. നീസാൻ മാസത്തിലാണ് അവർ പെസഹാ ആചരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീസാൻ മാസം വരുക. അതിനാൽ തന്നെ നീസാൻ മാസത്തിലാണ് യേശുവിന്റെ മരണവും ഉയിർപ്പും ഉണ്ടായത് . നീസാൻ മാസം 14 -നാണ് യേശുവിനെ കുരിശിൽ തറച്ചത് എന്നാണ് വിശ്വസിക്കുന്നത്. അതിനാൽ നീസാൻ മാസം 14 കഴിഞ്ഞുവരുന്ന ഞായർ ആയിരിക്കും ഈസ്റ്റർ ആഘോഷിക്കേണ്ടത് എന്ന് നിഖ്യാ സൂനഹദോസ് പ്രഖ്യാപിച്ചു. ആഴ്ചയുടെ ആദ്യദിവസം ആണ് യേശു ഉയിർത്തത് എന്ന് ബൈബിളിൽ പറയുന്നുണ്ട് (യോഹ 20 :1 ). അതിനാലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കണം എന്ന് നിശ്ചയിച്ചത്. 2024 -ൽ മാർച്ച് 29 ആണ് നീസാൻ മാസം 14 (വെള്ളി) ആയി വരുന്നത്. അതിനാൽ അതുകഴിഞ്ഞു വരുന്ന ഞായർ ആയ 31 ഈ വർഷം ഈസ്റ്ററായി ആഘോഷിക്കുന്നു.
Discussion about this post