തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെടുന്ന് മാസപ്പടി വിവാധത്തിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളിധരൻ. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് മുരളിധരൻ തുറന്നടിച്ചു. നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സിപിഎംന്റെ സ്ഥിരം വാദം വിലപ്പോകില്ല. വീണ വിജയൻ കരിമണൽ കമ്പനിക്ക് നൽകിയ സേവനം എന്തെന്ന് എം.വി. ഗോവിന്ദൻ പറയട്ടെ. സിപിഎം – ബിജെപി കേരളത്തിൽ ഒത്തു കളിക്കുകയാണ് എന്ന് ചില നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. അവരൊക്കെ എവിടെപ്പോയി എന്നും വി. മുരളീധരൻ ചോദിച്ചു.
വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാദ്ധ്യമങ്ങൾ വിഷയം പുറത്ത് കൊണ്ടുവന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതിരുന്നയാളാണ് വി. ഡി. സതീശൻ. തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടൽ എന്ന് ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നത് എന്നും വി മുരളീധരൻ ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ മാസപ്പടി കേസിൽ സത്യം പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി യുണിറ്റാണ് ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും മാസപ്പടി കേസിൽ അന്വേഷണം തുടങ്ങിയിരിക്കുന്നത്. അതേസമയം പ്രതിപട്ടികയിൽ ആരൊക്കെയാണ് എന്നുള്ളത് ഇഡി പുറത്ത് വിട്ടിട്ടില്ല. കൂടുതൽ തീരുമാനങ്ങൾ പിന്നീട് അറിയിക്കും എന്നാണ് വിവരം.
Discussion about this post