വയനാട്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. അടുത്ത മാസം മൂന്നിന് രാഹുൽ ജില്ലയിൽ എത്തുമെന്നാണ് വിവരം. എത്തിയ ശേഷം ആദ്യം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. എൽഡിഎഫും ബിജെപിയും അവരുടെ പ്രചാരണ പരിപാടികൾക്ക് നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ യുഡിഎഫിന്റെ പ്രചാരണങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. രാഹുൽ എത്തുന്നതോട് കൂടി പ്രചാരണം കൊഴുക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.
വയനാട്ടിലെ നിലവിലെ എംപി കൂടിയാണ് രാഹുൽ. എന്നാൽ വിജയിച്ചതിന് ശേഷം വിരലിൽ എണ്ണാവുന്ന തവണ മാത്രമേ അദ്ദേഹം മണ്ഡലത്തിൽ എത്തിയിട്ടുള്ളൂ. ഇത് ആളുകളിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. വന്യജീവി ശല്യത്തിൽ പൊറുതി മുട്ടുമ്പോൾ പോലും എംപിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല. ഇത് ആളുകളിൽ അമർഷം ഇരട്ടിയാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ എത്തുമ്പോഴുണ്ടാകുന്ന ആളുകളുടെ പ്രതികരണം കോൺഗ്രസ് പ്രതീക്ഷിക്കുന്നതിലും വിപരീതമാകുമെന്നാണ് കരുതുന്നത്.
അതേസമയം സംസ്ഥാനത്ത് പ്രചാരണത്തിനായി കോൺഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഫണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. ഇത് കേരളത്തിലെ കോൺഗ്രസിനെയും സാരമായി ബാധിച്ചിട്ടുണ്ട്. പോസ്റ്ററുകളും ഫ്‌ളക്‌സുകളും അടിക്കാൻ പാർട്ടിയ്ക്ക് പണമില്ലെന്നാണ് വിവരം.
Discussion about this post