നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുമ്പോൾ കൈയ്യത്തും ദൂരത്തിനെ കുറിച്ച് തെന്ന പറഞ്ഞു തുടങ്ങണം. അടി തെറ്റിയ അരങ്ങേറ്റമായിരുന്നു ഫഹദിന്റേത് എങ്കിലും ആദ്യ ചിത്രത്തിൽ കണ്ട ഫഹദിനെയായിരുന്നില്ല, പിന്നീടുള്ള ഒാരോ സിനിമയിലും ഫഹദ് കണ്ടത്.
പല പ്രമുഖ താരങ്ങളെയും മലയാളത്തിന് സമ്മാനിച്ച, ഫാസിൽ തന്റെ മകനെ വച്ച് സിനിമയെടുത്തപ്പോൾ പിതാവിന്റെ പേര് കളങ്കപ്പെടുത്തിയ മകൻ എന്നുൾപ്പെടെയുടെ പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ആ സിനിമയെക്കുറിച്ച് ഓർത്ത് തനിക്കു നിരാശയോ നഷ്ടബോധമോ തോന്നിയില്ലെന്നാണ് ഫഹദ് പിന്നീട് പറഞ്ഞിട്ടുള്ളത്.
ഈ സിനിമയ്ക്ക് ശേഷം ഇടവേളയെടുത്ത ഫഹദ് ഏഴ് വർഷത്തിന് ശേഷമാണ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. പതിവ് നായക സങ്കൽപ്പത്തെയെല്ലാം തകർത്തുകൊണ്ട് കഷണ്ടി കയറിയ തലയും നീണ്ടു മെലിഞ്ഞ രൂപവുമായാണ് ഫഹദ് കേരള കഫേയിലെത്തി. പീന്നീടുള്ള മൂന്ന് സിനിമകളിലും ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും പിന്നീട് മലയാള സിനിമയിലെ തന്നെ അഭിനയ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, 2011ൽ ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ ഫഹദ് കാണികൾക്ക് മുന്നിലെത്തി. ചോക്ലേറ്റ് ഹീറോയിൽ നിന്ന് അർജുനൻ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള കൂടുമാറ്റമായിരുന്നു സിനിമാ ലോകം കണ്ടത്.
22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ ഇമേജ് നോക്കാതെ അഭിനയിച്ച നടൻ പിന്നീട്, ഡയമണ്ട് നക്ലൈസ്, അന്നയും റസൂലും, ആമേൻ, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിലൂടെ സ്വയം മോൾഡ് ചെയ്ത് എടുക്കുകയായിരുന്നു.
അഭിനയത്തിന് കണ്ണുകൾ മാത്രം മതി എന്ന് ജോജി എന്ന ചിത്രത്തിലൂടെ കാണിച്ചു തന്ന നടൻ. വിക്രം, മാമന്നൻ, പുഷ്പ തുടങ്ങിയ സിനിമകളിലൂടെ താരം അന്യഭാഷയിലും ആഘോഷിക്കപ്പെട്ടു.
ഇപ്പോൾ ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസിൽ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം’ ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്റിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post