പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിന്റെ ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാഷിമും അനുജയും സഞ്ചരിച്ച കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ കാറ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ഇതിലാണ് സാങ്കേതിക തകരാർ ഇല്ലെന്ന കണ്ടെത്തൽ. കാറിന്റെ ബ്രേക്ക് സംവിധാനം കാര്യക്ഷമമായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഈ വിവരങ്ങൾ ഹാഷിം മനപ്പൂർവ്വം ലോറിയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്ന സംശയത്തിന് ബലമേകുന്നത് ആണ്.
വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നും, ദിശ തെറ്റിയാണ് കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചത് എന്നും ഡ്രൈവർ മൊഴി നൽകിയിരുന്നു. കാറിനുള്ളിൽ ഇരുവരും തമ്മിൽ തർക്കവും മൽപ്പിടിത്തവും ഉണ്ടായിരുന്നുവെന്ന സൂചനയും ദൃക്‌സാക്ഷികൾ നൽകുന്നുണ്ട്. ഇത്തരത്തിൽ തർക്കത്തിനിടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചതായിരിക്കാമെന്ന് സംശയിക്കുന്നുണ്ട്.
കാറിനുള്ളിൽ മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെടുത്തിരുന്നു. അതിനാൽ മദ്യലഹരിയിൽ ആയിരുന്നോ ഹാഷിം വാഹനം ഓടിച്ചിരുന്നത് എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. മമറ്റെന്തെങ്കിലും വിഷവസ്തു ശരീരത്തിൽ കുത്തിവയ്ച്ചിരുന്നോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇരുവരുടെയും ആന്തരാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
ഇതിനിടെ ഹാഷിമിന്റെ ഫോണിൽ ഫോറൻസിക് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാഷിം അവസാനമായി വിളിച്ചത് അനുജയയെ ആണ്. ഇവരുടെ വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Discussion about this post