തിരുവനന്തപുരം: കേരളത്തിലുണ്ടായ കടൽക്ഷോഭത്തിന്‍റെ കാരണത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നടത്തിയ വിശദമായ പഠനത്തിൻ്റെ വിവരങ്ങൾ ആണ് പുറത്തുവിട്ടത്.
2024 മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു. മാർച്ച് 25 ഓടെ ഈ ന്യൂമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു എന്നാണ് വിശദീകരണം. ഇതാണ് കടല്‍ക്ഷോഭം ഉണ്ടാകാന്‍ കാരണമെന്ന് ആണ് കണ്ടെത്തല്‍. കേരള തീരത്തും ലക്ഷദ്വീപിലും 2024 മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്.
ഇത്തരത്തില്‍ കടൽ കയറുന്ന പ്രതിഭാസം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി തിരകൾ പെട്ടെന്ന് വരുന്നതുകൊണ്ടാണ് ഇവയെ കള്ളക്കടൽ എന്ന് വിളിക്കുന്നത്.
Discussion about this post